വിശ്വാസ പരിശീലനത്തിന്റെ പുതിയ ഒരു അധ്യയന വര്‍ഷത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. കോവിഡ് കാലം ഉയര്‍ത്തിയ ആത്മീയവും ഭൗതികവുമായ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള സമയമാണിത്. നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന പിതാവായ ദൈവത്തില്‍ അടിയുറച്ച് വിശ്വസിച്ചുകൊണ്ടും നമ്മുടെ രക്ഷകനായ ഈശോമിശിഹായുമായുള്ള ബന്ധത്തില്‍ ആഴപ്പെട്ടുകൊണ്ടും നമ്മെ നയിക്കുന്ന പരിശുദ്ധ റൂഹായുടെ പ്രേരണയ്ക്കനുസരിച്ച് വ്യാപരിച്ചുകൊണ്ടും വിശ്വാസ ജീവിതത്തില്‍ നമുക്ക് ആഴപ്പെടാം.
വിശ്വാസം എന്നത് ദൈവം നമുക്ക് നല്കുന്ന ഒരു സമ്മാനമാണ്; നമ്മുടെ കഴിവുകളോ മേന്മയോ ഒന്നും നോക്കാതെ ദൈവം നല്കുന്ന ദാനം. അമൂല്യമായ ഈ സമ്മാനം നല്കി നമ്മോട് നിരന്തരം ബന്ധപ്പെടാന്‍, കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്ന ദൈവത്തോട് എങ്ങനെ നമുക്ക് മറുപടി നല്കാന്‍ സാധിക്കും? ദൈവീക വെളിപാടിന് വേണ്ടവിധത്തില്‍ പ്രത്യുത്തരം നല്കാനുള്ള പരിശീലനം നമുക്ക് നല്‍കാന്‍ മാതാവായ സഭ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് വിശ്വാസപരിശീലനവേദി. ഓരോ ഇടവകയിലേയും സണ്ടേസ്‌കൂളുകള്‍ വഴിയായി ഈ പരിശീലനമാണ് നമുക്ക് ലഭിക്കുന്നത്. വിശ്വാസത്തില്‍ ആഴപ്പെടാനായി ഈ വര്‍ഷം നമ്മുടെ സണ്ടേസ്‌കൂളുകള്‍ നടപ്പിലാക്കുന്ന എല്ലാ കര്‍മ്മ പദ്ധതികളോടും ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാം.
അതിരൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയോട് ചേര്‍ന്ന് വിശ്വാസത്തിലും ക്രൈസ്തവ ധാര്‍മ്മികതയിലും നമുക്ക് വളരാം. നമ്മുടെ പിതാവായ മാര്‍ തോമാ ശ്ലീഹായുടെ രക്ത സ്വാക്ഷിത്വത്തിന്റെ 1950 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന ഈ വര്‍ഷത്തില്‍ മാര്‍ തോമാ ശ്ലീഹായുടെ മാതൃക പിന്‍ചെന്നുകൊണ്ട് നമുക്കും ഈശോയുടെ യഥാര്‍ത്ഥ ശിഷ്യരായിത്തീരാം. നമുക്ക് പരസ്പരം പ്രാര്‍ത്ഥിച്ച് ഒരുമയോടെ ഈ ദൈവീകശുശ്രൂഷയില്‍ പങ്കുകാരാകാം. എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു.