Kathiroly


മതാദ്ധ്യാപകര്‍: ദൈവത്തിന്‍റെ ഓര്‍മ്മയില്‍ ജീവിക്കുന്നവര്‍

2013 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ വത്തിക്കാനില്‍ നടന്ന
മതാദ്ധ്യാപകരുടെ വിശ്വാസവര്‍ഷ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ
നല്‍കിയ പ്രബോധനങ്ങളുടെ പ്രസക്തഭാഗങ്ങള്‍.
ആരാണ് മതാദ്ധ്യാപകര്‍? അവര്‍ ദൈവത്തിന്‍റെ ഓര്‍മ്മസജീവമാക്കുന്നവരാണ്.

തങ്ങളിലും മറ്റുള്ളവരിലും. ഇത് മനോഹരമാണ്. പരിശുദ്ധ മറിയത്തെപ്പോലെ തന്‍റെ ജീവിതത്തിലെ ദൈവത്തിന്‍റെ മഹനീയ കൃത്യങ്ങള്‍ അനുസ്മരിച്ച്. തനിക്കു ലഭ്യമായ മഹത്വം ഗണിക്കാതെ, മാലാഖയുടെ സന്ദേശപ്രകാരം ഗര്‍ഭിണിയായ എലിസബത്തിനെ സന്ദര്‍ശിച്ച് ദൈവത്തിന്‍റെ വിശ്വസ്തതയും തന്‍റെ ജീവിതത്തിലും ഇസ്രായേലിന്‍റെയും മനുഷ്യകുലത്തിന്‍റെയും ചരിത്രത്തില്‍ ദൈവം ചെയ്യുന്ന അത്ഭുത പ്രവൃത്തികള്‍ വാഴ്ത്തിപ്പാടുക..

വിശ്വാസപരിശീലനത്തിന്‍റെ നെടുംതുണാണ് മതബോധനം. നമുക്ക് നല്ല മതബോധകരെ ആവശ്യമുണ്ട്. വിശ്വാസം പഠിപ്പിക്കുന്നത് എത്ര മനോഹരമാണ്. നമുക്ക് കൈമാറ്റം ചെയ്യാനാവുന്ന ഏറ്റവും വലിയ സമ്പത്ത് വിശ്വാസം തന്നെയാണ്. കുഞ്ഞുങ്ങളെയും യുവജനങ്ങളേയും മുതിര്‍ന്നവരെയും കര്‍ത്താവിനെ അറിയാനും സ്നേഹിക്കാനും പ്രാപ്തരാക്കുന്നതുവഴി സഭയെ കെട്ടിപ്പെടുക്കുകയാണ്. മതബോധകനായി “ജോലി ചെയ്യുകയല്ല”. മതബോധകനായി “ജീവിക്കുക”…. ഇതാണ് നിങ്ങളുടെ ദൈവവിളി.
മതബോധകന്‍ “ആയിരിക്കുക” എന്നത് ജീവിതത്തെ മുഴുവന്‍ ആലിംഗനം ചെയ്യുന്ന അവസ്ഥയാണ്. നമ്മുടെ വാക്കും ജീവിതവും സാക്ഷ്യവും വഴി മനുഷ്യരെ ക്രസ്തുവിനെ കണ്ടുമുട്ടാനായി നയിക്കുക ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ വാക്കുകള്‍ നിങ്ങള്‍ അനുസ്മരിക്കുക: “സഭവളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, സാക്ഷ്യത്തിലൂടെയാണ്”. വിശുദ്ധ ഫ്രാന്‍സീസ് അസ്സിസി തന്‍റെ സന്ന്യാസസഹോദരങ്ങളോട് ഇപ്രകാരം പറയുമായിരുന്നു: “എപ്പോഴും സുവിശേഷം പ്രസംഗിക്കുക, ആവശ്യമുള്ളപ്പോള്‍ മാത്രം വാക്കുകള്‍ ഉപയോഗിക്കു” വാക്കുകളെക്കാള്‍ പ്രധാനം സാക്ഷ്യമാണ്. നമ്മുടെ ജീവിതത്തില്‍ ജനങ്ങള്‍ സുവിശേഷം കാണണം, വായിക്കണം.
മതബോധനകന്‍ “ആയിരിക്കാന്‍” ഏറ്റവും ആവശ്യം “സനേഹ”മാണ് – ക്രിസ്തുവിനോടുള്ള അടിയുറച്ച സ്നേഹം. ക്രിസ്തുവിന്‍റെ വിശുദ്ധ ജനത്തിനുവേണ്ടിയുള്ള സ്നേഹം. ഈ സ്നേഹം ക്രിസ്തുവില്‍ നിന്നത്രേ. “ക്രിസ്തുവിന്‍റെ സമ്മാനം”. ഇത് ക്രിസ്തുവില്‍ നിന്നു വരുന്നു. ക്രിസ്തുവില്‍ നിന്നും ആരംഭിക്കുന്നു. നാമും ക്രിസ്തുവില്‍ എല്ലാം പുതിയതായി ആരംഭിക്കണം.
ക്രിസ്തുവില്‍ നവമായി ആരംഭിക്കണമെങ്കില്‍, ആദ്യമായി, ക്രിസ്തുവിനോട് “ചേര്‍ന്ന് ആയിരിക്കണം”. തന്‍റെ ഏറ്റവും വലിയ സമ്മാനമായ കുരിശിലെ യാഗത്തിനു ഒരുക്കമായി അന്ത്യഅത്താഴമേശയില്‍ വച്ച് മുന്തിരിച്ചെടിയുടെയും ശാഖകളുടെയും സാദൃശ്യമുപയോഗിച്ച് ക്രിസ്തു ശിഷ്യരോട് പറഞ്ഞു: “എന്‍റെ സ്നേഹത്തില്‍ വസിക്കുക” ക്രിസ്തുവിനോട് അടുത്തിരിക്കുക എന്നാല്‍ അവനോട് ചേര്‍ന്നിരിക്കുക, അവനോട് സംസാരിക്കുക, “യേശുവില്‍ വസിക്കുക”.
ശിഷ്യന്‍ ഗുരുവിനോടൊപ്പം ആയിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്… ഗുരുവിനെ കേള്‍ക്കുക, ഗുരുവില്‍ നിന്ന് പഠിക്കുക. മതാദ്ധ്യാപക പരിശീലനം ലഭിച്ചാലും മതാദ്ധ്യാപകന്‍ എന്ന പേര് ലഭിച്ചാലും അതു ഒന്നുമല്ല. ഒരു യാത്രയുടെ തുടക്കം മാത്രം. മതാദ്ധ്യാപകന്‍ “ആയിരിക്കുക” എന്നത് പേരോ പദവിയോ അല്ല. മനസ്സിന്‍റെ പ്രകാശിതമായ ഭാവമാണ്. ഒരു ജീവിതകാലം മുഴുവന്‍ ക്രിസ്തുവില്‍ ജീവിക്കുക.
എങ്ങനെയാണ് കര്‍ത്താവിന്‍റെ സാന്നിദ്ധ്യത്തില്‍ വസിക്കുക? ദിവ്യസക്രാരിയിലേക്ക് നോക്കിക്കൊണ്ട് വാക്കുകളില്ലാതെ അവനോട് സംസാരിക്കുക, അവനെ കേള്‍ക്കുക, ധ്യാനിക്കുക. നല്ലത്. എന്നാല്‍ അതുമാത്രം പോരാ. കര്‍ത്താവ് നിന്നെ നോക്കാന്‍, അവന്‍റെ ദൃഷ്ടികള്‍ നിന്നില്‍ പതിയാന്‍ അനുവദിക്കുക. നീ ഉറങ്ങിപ്പോയാലും അവന്‍ നിന്നെ നോക്കിയിരിക്കും. ഈ അവസ്ഥയാണ് മതബോധകന്‍ “ആയിരിക്കുക” എന്നത്. അവന്‍റെ ദൃഷ്ടികള്‍ നിന്‍റെമേല്‍ പതിയുമ്പോള്‍ നിന്‍റെ ഹൃദയം തപ്തമാകും, സൗഹൃദത്തിന്‍റെ അഗ്നിജ്വലിക്കും. അവന്‍ നിന്നെ യഥാര്‍ത്ഥത്തില്‍ കാണുന്നുവെന്ന് നിനക്കു അനുഭവവേദ്യമാകും. നിന്‍റെ ചാരെ, നിന്നെ സ്നേഹിച്ചുകൊണ്ട് അവന്‍ എപ്പോഴും കൂടെയുണ്ടാവും.
എനിക്ക് അവനില്‍ വസിക്കാന്‍ കഴിയുന്നുണ്ടോ? അവന്‍റെ അഗ്നി എന്‍റെ ഹൃദയത്തെ ചൂടാക്കാന്‍ ഞാന്‍ അനുവദിക്കുന്നുണ്ടോ? ദൈവസ്നേഹത്തിന്‍റെ തരളിതമായ ചൂട് എന്‍റെ ഹൃദയത്തില്‍ ഇല്ലെങ്കില്‍ പാപിയായ എനിക്കെങ്ങനെ അപരന്‍റെ ഹൃദയത്തെ ഊഷ്മളമാക്കാന്‍ കഴിയും? ചിന്തിക്കുക!
ക്രിസ്തുവില്‍ നവമായി ആരംഭിക്കണമെങ്കില്‍ രണ്ടാമതായി, അവനെ അനുകരിച്ച് എല്ലാം പരിത്യജിച്ച് മറ്റുള്ളവരെ കണ്ടുമുട്ടാന്‍ പുറപ്പെടണം. ഇതൊരു ഹൃദ്യമായ അനുഭവമാണ്. ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രമായി പ്രതിഷ്ഠിക്കുമ്പോള്‍, പിന്നെ നമ്മള്‍ കേന്ദ്രബിന്ദുവല്ല. നീ ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അവന്‍ നിന്നെ നിന്നില്‍ നിന്ന് പുറത്തുകൊണ്ടുവരും. നിന്നെ കേന്ദ്രബിന്ദു ആക്കാതെ, മറ്റുവരിലേക്ക് തുറക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കും. ഇതാണസ്നേഹത്തിന്‍റെ ചലനാത്മകത. ദൈവമാണ് കേന്ദ്രം. എന്നാല്‍ ദൈവം സ്വയം ദാനമാകുന്നു. തന്നെത്തന്നെ നല്‍കുന്ന സ്നേഹം. ക്രിസ്തുവിനോട് ചേര്‍ന്നു നിന്നാല്‍ നമുക്ക് ഈ ചലനാത്മകതയില്‍ പങ്കുചേരാന്‍ കഴിയും. ക്രിസ്തുവിലുള്ള യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് മറ്റുള്ളവരിലേക്കുള്ള തുറവി, തന്നില്‍ നിന്ന് പുറപ്പെട്ട് ക്രിസ്തുവിന്‍റെ നാമത്തില്‍ മറ്റുള്ളവരെ കണ്ടുമുട്ടാനുള്ള പുറപ്പാട്. ഇതാണ് മതാദ്ധ്യാപകന്‍റെ ദൗത്യം.
മതാദ്ധ്യാപകന്‍റെ ഹൃദയ സ്പന്ദനം അകത്തേക്കും പുറത്തേക്കുമാണ്. ക്രിസ്തുവിലുള്ള ഐക്യവും മറ്റുള്ളവരിലേക്കുള്ള തുറവിയും. ഇതിലേതെങ്കിലുമൊന്ന് ഇല്ലാതായാല്‍ പിന്നെ ഹൃദയം സ്പന്ദിക്കില്ല, പിന്നെ ജീവിക്കില്ല. മതാദ്ധ്യാപകന്‍റെ ഹൃദയം പ്രഘോഷണത്തിന്‍റെ വരം (സമ്മാനം) സ്വീകരിക്കുന്നു. പിന്നെ മറ്റുള്ളവരിലേക്ക് ദാനമായി (സമ്മാനം) നല്കുന്നു. “സമ്മാനം” മനോഹരമായ പദം വിശ്വാസത്തിന്‍റെ സമ്മാനം മതാദ്ധ്യാപകന്‍ സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കുന്നു. അതില്‍ ഒരു ശതമാനം പോലും തനിക്കായി മാറ്റിവയ്ക്കുന്നില്ല. ലഭിക്കുന്നതെല്ലാം നല്‍കന്നു. ഇതൊരു വ്യാപാരമല്ല. സമ്മാനം മാത്രം. ഈ സമ്മാനകൈമാറ്റത്തിന്‍റെ മദ്ധ്യത്തിലാണ് മതാദ്ധ്യാപകന്‍.
ഇതാണ് പ്രഘോഷണത്തിന്‍റെ സ്വഭാവം: ദൗത്യം ജനിപ്പിക്കുന്ന ദാനം, നമുക്കപ്പറം എത്തിച്ചേരാന്‍ നിര്‍ബന്ധിക്കുന്ന വരം. വിശുദ്ധ പൗലോസപ്പോസ്തലന്‍ പറയുന്നു. “ക്രിസ്തുസ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നു.” “നമ്മെ സ്വന്തമാക്കിയിരിക്കുന്നു” എന്നും ഭാഷാന്തരം ചെയ്യാം. സ്നേഹം എന്നെ ആകര്‍ഷിക്കുന്നു. എന്നെ അയയ്ക്കുന്നു. സ്നേഹം അതിന്‍റെ ഉള്ളിലേക്ക് എന്ന ആകര്‍ഷിച്ചെടുത്ത് മറ്റുള്ളവര്‍ക്കായി നല്‍കുന്നു. ഇതാണ് മതാദ്ധ്യാപകന്‍റെ ഹൃദയ സ്പന്ദനം: ക്രിസ്തുവിലേക്കുള്ള ഐക്യത്തിലേക്കും മറ്റുള്ളവരോടുള്ള തുറവിയിലേക്കും മതാദ്ധ്യാപകന് നിശ്ചലനായിരിക്കാന്‍ കഴിയില്ല. മൂന്നാമതായി, അതിര്‍ത്തികള്‍ക്കും പരിധികള്‍ക്കും അപ്പുറം പോകാന്‍ നമ്മള്‍ ഭയപ്പെടരുത്.
ഇവിടെ ഞാന്‍ അനുസ്മരിക്കുന്നത് യോനായുടെ കഥയാണ്. ഭക്തനായ മനുഷ്യന്‍. ശാന്തസുന്ദരവും ചിട്ടയുള്ളതുമായ ജീവിതം നയിച്ചവന്‍. സ്വന്തം കാഴ്ചപ്പാടുകളില്‍ ജീവിച്ചവന്‍. കര്‍ത്താവ് അവനെ വിളിച്ച് വിജാതിയരുടെ മഹാനഗരമായ നിനിവെയിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അവന് ഇഷ്ടമായില്ല. നിനിവെ അവന്‍റെ സുഖസൗകര്യങ്ങളുടെ ആവൃതിക്ക് പുറത്തായിരുന്നു. നമ്മുടെ സൗകര്യങ്ങളുടെയും സുരക്ഷിതത്വങ്ങളുടെയും ആവൃതിക്ക് പുറത്തുപോകാന്‍ നാം ഭയപ്പെടരുത്. ദൈവം നമ്മെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു. ദൈവം ഭയപ്പെടുന്നവനല്ല. നമ്മുടെ സങ്കുചിതമായ കാഴ്ചപ്പാടുകള്‍ക്കപ്പുറം വലിയവനാണ്. ദൈവം അതിര്‍ക്കപ്പുറത്തെ പ്രാന്തപ്രദേശങ്ങളെ ഭയപ്പെടുന്നില്ല.
പരിധിക്കപ്പുറം നീ ചെന്നാല്‍ അവിടെ നീ ദൈവത്തെ കാണും. ദൈവം വിശ്വസ്തവും സര്‍ഗ്ഗാത്മകതയുടെ ഉറവിടവുമാണ്. സര്‍ഗ്ഗാത്മകത, സൃഷ്ടിപരതയാണ് ഒരു മതാദ്ധ്യാപകനെ നിലനിര്‍ത്തുന്നത്. ദൈവം അയവില്ലാത്തവനല്ല. മതാദ്ധ്യാപകനും തന്നില്‍ത്തന്നെ അടഞ്ഞുകൂടിയിരിക്കുന്നവനാകരുത്. മാറ്റത്തിനു വിധേയനാകണം. നീ ഭയപ്പെട്ടാല്‍ ഭീരുവായിത്തീരും. ഒന്നും ചെയ്യാതിരുന്നാല്‍ കാഴ്ചബംഗ്ലാവിലെ പ്രതിമയായി മാറും. അയവില്ലാത്തവനായാല്‍ ഉണങ്ങിവരണ്ട് കൊഴിഞ്ഞുപോകും. തങ്ങളുടെ ഇടവകയില്‍, സമൂഹത്തില്‍, പ്രസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങികൂടിയാല്‍ രോഗബാധിതരാകും. ഒതുങ്ങികൂടിരോഗം പിടിപ്പെട്ട സഭയെക്കാള്‍ സധൈര്യം വഴിയിലേക്കിറങ്ങി മുറിവേല്ക്കുന്ന സഭയാണ് നമുക്കു വേണ്ടത്. പ്രിയ മതാദ്ധ്യാപകരേ, എല്ലായ്പ്പോഴും ക്രിസ്തുവില്‍ നവമായി ആരംഭിക്കുക. നിങ്ങള്‍ തീര്‍ത്ഥാടനത്തില്‍ നിങ്ങള്‍ ദൈവജനത്തെ അനുയാത്ര ചെയ്യുന്നു. എപ്പോഴും ക്രിസ്തുവില്‍ വസിക്കുക. അവനില്‍ ഒന്നായി തീരുക. അവനെ അനുഗമിക്കുക. അവന്‍റെ സ്നേഹചലനങ്ങളെ അനുകരിക്കുക. അവനോടൊപ്പം മനുഷ്യവംശത്തെ കണ്ടുമുട്ടുക. മുന്നോട്ട് യാത്ര ചെയ്ത് വാതായനങ്ങള്‍ തുറക്കുക. സുവിശേഷപ്രഘോഷണത്തിനു പുതിയ വഴികള്‍ കണ്ടെത്താനുള്ള ആത്മശക്തി നേടുക. പരിശുദ്ധ അമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ.

വിവര്‍ത്തനം: റവ.ഡോ. റോള്‍ഡന്‍ ജേക്കബ്